vv

Flash News :16/06/2017 വെള്ളിയാഴ്ച സ്ക്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് എസ് .എം.ഡി.സി യുടെ ഒരു ഭരണസമിതി യോഗം ഉണ്ടായിരിക്കുന്നതാണ്.

വ്യാഴാഴ്‌ച

നമ്മുടെ പഴഞ്ചൊല്ലുകള്‍


നമ്മുടെ പഴഞ്ചൊല്ലുകള്‍

പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ്‌ പഴഞ്ചൊല്ലുകള്‍. ഒരു ജനസമുദായത്തില്‍ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പതക്കം സിദ്ധിച്ചിട്ടൂള്ള ചൊല്ലുകള്‍ എന്നാണിവക്ക് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളര്‍ച്ചയില്‍ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകള്‍ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു.

മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തില്‍ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ്‌ പഴഞ്ചൊല്ലുകള്‍ അഥവാ പഴമൊഴികള്‍ എന്ന് അറിയപ്പെടുന്നത്. ശബ്ദതാരാവലിയില്‍ ഈ വാക്കിന്‍റെ അര്‍ത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ്‌ നല്‍കിയിട്ടുള്ളത്. നമ്മുടെ നാടന്‍ സാഹിത്യത്തിന്‍റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ്‌ പഴഞ്ചൊല്ലുകള്‍. ഈ ചൊല്ലുകള്‍ വാമൊഴിയായി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങള്‍ക്ക് അനുസരിച്ച് വികാസം പ്രാപിക്കുകയും ചെയ്തു. പഴയകാല മനുഷ്യജീവിതത്തിന്‍റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങള്‍ ഇത്തരം ചൊല്ലുകളില്‍ അടങ്ങിയിരിക്കുന്നു. അതാത് കാലങ്ങളിലെ മനുഷ്യരുടെ തൊഴില്‍, ആചാരം, ചരിത്രം, കല, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഴഞ്ചൊല്ലുകളില്‍ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്[1].

പഴഞ്ചൊല്ലെന്നാല്‍ എന്താണെന്ന് പലരും നിര്‍വചിച്ചിട്ടുണ്ട്

1.ഒരു ജനസമൂഹത്തില്‍ പണ്ടേക്കു പണ്ടേ പറഞ്ഞ് പരന്ന് പഴക്കം വന്നിട്ടുള്ള ചൊല്ലുകള്‍ (മഹാകവി ഉള്ളൂര്‍ )
2.പലരുടെ ജ്ഞാനവും ഒരാളുടെ ബുദ്ദിയുമാണ് പഴമൊഴി ( റസ്സല്‍ )
3.പഴയ തത്ത്വശാസ്ത്രത്തിന്‍റെ ഏറ്റവും സത്യമായ അവശിഷ്ടങ്ങളാണ് പഴഞ്ചൊല്ലുകള്‍ (അരിസ്റ്റോട്ടില്‍)
4.വലിയ അനുഭവങ്ങളില്‍ നിന്ന് നിര്‍മിക്കപ്പെട്ട ചെറിയ വാക്ക്യങ്ങളാണ് പഴഞ്ചൊല്ലുകള്‍ ( സെര്‍വാന്‍റസ്)
5.ഒരു രാഷ്ട്രത്തിന്‍രെ വിജ്ഞാനവും വിനോദവും ആത്മാവും അവിടത്തെ പഴഞ്ജൊല്ലുകളില്‍ ആവിഷ്കരിക്കപ്പെടുന്നും (ബേക്കണ്‍)
6.പഴഞ്ചൊല്ലുകള്‍ അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കും (എം,വി.വിഷ്ണു നമ്പൂതിരി
)

വര്‍ഗ്ഗീകരണം

ശാസ്ത്രീയമായ വര്‍ഗ്ഗീകരണം പഴഞ്ചൊല്ലുകളില്‍ നടത്തിയിട്ടുണ്ട്. ബന്ധം, വ്യാപ്തി, ഗുണം, പ്രകാരം സമീകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ വര്‍ഗ്ഗീകരണം.


ബന്ധപരം
ബന്ധങ്ങളെ അടിസ്ഥാനമാക്കി നിരുപാധികം സോപാധികം എന്നിങ്ങനെ തരം തിരിക്കാം.

നിരുപാധികം
രണ്ട് ഘടകങ്ങള്‍ ആണുള്ളതെങ്കില്‍ ആദ്യത്തേതിനെ രണ്ടാമത്തേത് ഉപാധികൂടാതെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുനതാണ്‌ നിരുപാധികമായ ചൊല്ലുകള്‍ ഉദാ: അട്ടയ്ക്കു പൊട്ടക്കുളം (സ്ഥിരീകരണം) കൈപ്പുണ്ണിനു കണ്ണാടിവേണ്ട (നിഷേധപരം)


സോപാധികം
രണ്ടു ഘടകങ്ങളില്‍ ആദ്യത്തേതിന്‌ രണ്ടാമത്തേത് ഉപാധികളോടെ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുകയാണെങ്കില്‍ അവ സോപാധികം എന്ന വര്‍ഗ്ഗത്തില്‍ പെടുന്നു ഉദാ: മൂക്കുപിടിച്ചാല്‍ വായ പിളര്‍ക്കും, കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം (ഉപാധിയോടെ സ്വീകരിക്കുന്നു) ക്ഷണിക്കാതെ ചെന്നാല്‍ ഉണ്ണാതെ പോരാം (ഉപാധിയോടെ നിഷേധിക്കുന്നു).


ഗുണപരം
ഗുണത്തെ അടിസ്ഥാനമാക്കി വിധായകച്ചൊല്ലുകള്‍ നിഷേധകച്ചൊല്ലുകള്‍ എന്നിങ്ങനെ തരം തിരിക്കാം

വിധായകം
വിധി നിര്‍ണ്ണയിക്കുന്നതരത്തിലുള്ള ചൊല്ലുകള്‍. അതായത് അനുസരിപ്പിക്കുന്നവ. സമമൂല്യമുള്ള ഘടക പദങ്ങളാണിവക്ക് ഉദാ: സമയം ധനമാണ്‌, പരിഹാസം പാപകരം.


നിഷേധകം
പഴഞ്ചൊല്ലിലെ ഘടകങ്ങള്‍ നിഷേധപരമഅയി വരുന്നവയാണിവ. ഉദാ: അരി വിതച്ചാല്‍ നെല്ലാവില്ല, കാക്ക കുളിച്ചാല്‍ കൊക്കാകാ.


വ്യാപ്തിപരം
വ്യാപ്തിയെ അടിസ്ഥാനമാക്കി സ്വിസ് തത്വശാസ്ത്രജ്ഞനായ യൂളര്‍ ചൊല്ലുകളുടെ ഘടനയെയും ഇംഗ്ലീഷ് തര്‍ക്കശാസ്ത്രജ്ഞനായ ജോണ് വെന്‍ ഗണങ്ങളുടെ സവിശേഷതയേയും അപഗ്രഥിച്ചതനുസരിച്ച് സര്‍വ്വവ്യാപി, അംശവ്യാപി എന്നു തരം തിരിക്കാം വ്യാപ്തിയും ഗുണവും ചേര്‍ന്ന് ഇവ സര്‍വ്വവ്യാപി വിധായകം സര്‍‌വ്വവ്യാപി നിഷേധകം എന്നും അംശവ്യാപി വിധായകം, അംശവ്യാപി നിഷേധകം എന്നുമുള്ള വര്‍ഗ്ഗങ്ങളായി തരം തിര്‍ക്കാവുന്നതാണ്‌.

സര്‍വവ്യാപിവിധായകം
രണ്ടു ഘടകങ്ങളിലെ ആദ്യത്തേത് രണ്ടാമത്തേതില്പ്പെടുകയും ആദ്യത്തേതിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു എന്നതാണിതിന്റെ സവിശേഷത. ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഉപഗുണമായിത്തീരുന്നു.

ഉദാ: ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും. ഇതില്‍ ആദ്യത്തേത് ഉപ്പു തിന്നുന്നവര്‍- ഇതിന്റെ വ്യാപ്തി കുറവാണ്‌. അതായത് ഉപ്പ് തിന്നുന്നവര്‍ കുറവാണ്‌. എന്നാല്‍ രണ്ടാമത്തേത് വെള്ളം കുടിക്കുന്നവരാണ്‌. ഇതിനു വ്യാപ്തി വളരെ കൂടുതല്‍, അതായത് എല്ലാവരും വെള്ളം കുടിക്കുന്നവര്‍. ആദ്യത്തെ ഘടകം രണ്ടാമത്തേതിനുള്ളില്‍ തന്നെ ഉള്‍ക്കൊള്ളും


സര്‍വവ്യാപി നിഷേധകം
രണ്ടു ഘടകങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നു തന്നെയല്ല ബന്ധത്തെ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. വിയുക്തഗുണങ്ങളായ ഘടകങ്ങള്‍ ആണിതില്‍. ഉദാ: ആവശ്യ്ക്കാരന്‌ ഔചിത്യമില്ല. കല്ലാടും മുറ്റത്ത് നെല്ലാടില്ല.


അംശവ്യാപിവിധായകം
രണ്ടു ഘടകങ്ങളുള്ളതില്‍ ചില അംശങ്ങള്‍ക്ക് ചേര്‍ച്ചയുണ്ട്. ഉദാ: കയ്യൂക്കുള്ളവര്‍ കാര്യക്കാരന്‍. കയ്യൂക്കുള്ളവരില്‍ ചിലര്‍ കാര്യക്കാരാണെങ്കിലും എല്ലാവരും അല്ല. കാര്യക്കാരെല്ലാം കയ്യൂക്കുള്ളവരാകണമെന്നുമില്ല. രണ്ടും ചേരുന്ന ഒരു വിഭാഗത്തെയാണ്‌ സൂചിപ്പിച്ചിരിക്കുന്നത്.


അംശവ്യാപിനിഷേധകം
രണ്ടു ഘടകങ്ങളില്‍ ആദ്യത്തേത് സൂചിപ്പിക്കുന്ന വര്‍ഗ്ഗത്തില്‍ നിന്ന് രണ്ടാമത്തേതിന്റെ അംശം ചേരാത്ത ഒന്നാമത്തേതിലെ അംശമ വേര്‍പെടുത്തുന്ന ഒന്നാണിത്. ഉദാ: അഴകുള്ള ചക്കയില്‍ ചുളയില്ല. അഴകുള്ള ചക്കയും ചുളയല്ലായ്മയും നിഷേധകപരമാണ്‌. അവ എല്ലായ്പ്പോഴും ഒന്നാകണമെന്നില്ല. എങ്കിലും ശരിയാകുന്ന സന്ദര്‍ഭങ്ങളെ കാണിക്കുന്നു.

ചില പഴഞ്ചൊല്ലുകള്‍

1.തലവിധി തൈലം കോണ്ട് മാറില്ല
2.കോല്‍കാരന് അധികാരിപ്പണി
3.ചുട്ട ചട്ടി അറിയുമോ അപ്പത്തിന്‍റെ സ്വാദ്
4.പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
5.ഇരിക്കുന്നതിന് മുന്‍പ് കാലു നീട്ടരുത്
6.അടിതെറ്റിയാല്‍ ആനയും വീഴും
7.ചേറ്റില്‍ കുത്തിയ കൈ ചോറ്റില്‍ കുത്താം
8.വിത്താഴം ചെന്നാല്‍ പത്തായം നിറയും
9.മുളയിലറിയാം വിള
10.കൂറ്റന്‍ മരവും കാറ്റത്തിളകും
11.സമ്പത്തു കാലത്തു തൈ പത്തു വെച്ചാല്‍ ആപത്തുകാലത്ത് കാ പത്ത് തിന്നാം
12.കോല്‍ക്കാരന്‍ അധികാരി പ്പണി
13.രാജാവിനില്ലാത്ത രാജഭക്തി
14.നല്ലവന് നാട് ബന്ധു
15.അങ്ങാടീയില്‍ തോറ്റതിനു അമ്മയോട്
16.മുല്ല പൂമ്പൊടിയേറ്റൂ കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം