
മലയാളഭാഷയുടെ ഉല്പത്തി
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് കൂടുതല്‍ ശക്തം. തെക്കെ ഇന്ത്യയില്‍ ഒട്ടാകെ വ്യാപിച്ചിരുന്ന മൂലദ്രാവിഡഭാഷ ദേശകാലാധിക്യത്താല്‍ തമിഴ്, തെലുങ്ക്, കര്‍ണ്ണാടകം, മലയാളം, തുളു എന്നിങ്ങനെ പ്രധാനമായി അഞ്ചു ദേശഭാഷകളായി രൂപം പ്രാപിച്ചു. മലയാള ഭാഷയുടെ ആദിരൂപം എന്തായിരുന്നുവെന്ന് ഇനിയും വ്യക്തമായ തെളിവുകളില്ല.
പ്രാരംഭകൃതികള്‍
കൊല്ലവര്‍ഷാരംഭം മുതല്‍ ഏകദേശം അഞ്ഞൂറുവര്‍ഷത്തോളം മലയാളഭാഷ ശൈശവത്തില്‍ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തില്‍ പലതരം നാടന്‍പാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങള്‍, വീരപുരുഷന്മാരുടെ അപദാനങ്ങളെ വര്‍ണ്ണിക്കുന്ന ഗാനങ്ങളള്‍, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകള്‍, വിനോദങ്ങള്‍ക്കു വേണ്ടിയുള്ള ഗാനങ്ങള്‍ ഇങ്ങനെ വിവിധ തരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴല്‍ക്കൂത്ത്പാട്ട്, സര്‍പ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവര്‍പാട്ട്, മണ്ണാര്‍പാട്ട്, പാണര്‍പാട്ട്, കൃഷിപ്പാട്ട്, തമ്പുരാന്‍പാട്ട്, പടപ്പാട്ട്, വില്ലടിച്ചാന്‍പാട്ട്, ഓണപ്പാട്ട്, കുമ്മികള്‍,താരാട്ടുകള്‍ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു.
രാമചരിതം
മലയാള ഭാഷയുടെ ശൈശവഘട്ടത്തിന്റെ അവസാനകാലത്തിണ്ടായിട്ടുള്ള കൃതിയാണ് ‘രാമചരിതം‘. ഇതാണത്രെ ഇന്നു നമുക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ഗാനകൃതി. ‘ ചീരാമന്‍ ’ എന്നൊരു കവിയാണ് പ്രസ്തുത കൃതി രച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു ശ്രീരാമവര്‍മ്മനാണ് പ്രസ്തുത കൃതിയുടെ കര്‍ത്താവെന്നു മഹാകവി ഉള്ളൂര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആകെ 1814 പാട്ടുകളാണ് പ്രസ്തുത കൃതിയിലുള്ളത്. രാമചരിതം ഒരു തമിഴ്‌കൃതിയാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. മലയാളത്തിന്റെ പ്രാഗ്രൂപം കൊടുംതമിഴാണെന്നു കേരളപാണിനി അഭിപ്രായപ്പെട്ടിട്ടുണ്ട്. പുരാതന കാലത്ത് കേരളത്തില്‍ സര്‍വ്വത്ര വ്യാപിച്ചിരുന്ന ഈ തമിഴ് ഒരു പ്രത്യേക ഭാഷയായി പരിണമിച്ചതാണ് ഇപ്പോഴത്തെ മലയാളമെന്നുള്ള ഭാഷാശാസ്ത്രപണ്ഡിതന്മാരുടെ അഭിപ്രായങ്ങളും ശ്രദ്ധിച്ചാല്‍ , രാമചരിതം അങ്ങനെയുള്ള ഒരു പരിണാമഘട്ടത്തില്‍ രചയിതമായ കൃതിയായിരിക്കണം.രാമചരിതത്തില്‍ യുദ്ധകാണ്ഡത്തെയാണ് കവി മുഖ്യമായും അവതരിപ്പിക്കുന്നത്. മറ്റ് കാണ്ഡങ്ങളിലെ കഥാഭാഗങ്ങള്‍ പലയിടത്തും വളരെ സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്.
മണിപ്രവാളഭാഷ
സംസ്‌കൃതവും മലയാളവും ഇടകലര്‍ന്ന ഒരു മിശ്രഭാഷ ആര്യന്മാരുടേയും ആര്യമതത്തിന്റേയും പ്രാബല്യത്തോടെ കേരളത്തില്‍ പ്രചരിച്ചു തുടങ്ങി.ദ്രാവിഡരായ കേരളീയരുമായി ഇടപഴകി ജീവിച്ച ആദിമഘട്ടങ്ങളില്‍ ഈ മിശ്രഭാഷയാണ് കേരളബ്രാഹ്മണര്‍ സംസാരഭാഷയായി ഉപയോഗിച്ചത്. കാലാന്തരത്തില്‍ ഈ സംസാരഭാഷ അല്പമൊക്കെ പരിഷ്കരിച്ച് അവര്‍ ചില സാഹിത്യകൃതികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് മണിപ്രവാളമെന്ന പേരില്‍ പ്രസിദ്ധമായ ഒരു സംസ്കൃതമിശ്രഭാഷാപ്രസ്ഥാനം കേരളത്തില്‍ ഉടലെടുത്തത്. മണിപ്രവാളഭാഷയെ വിവരിക്കുന്ന ലക്ഷണമൊത്ത ഒരു ശാസ്ത്ര ഗ്രന്ഥമാണ് ‘ലീലാതിലകം‘. എട്ടു ശില്പങ്ങളുള്ള ലീലാതിലകത്തിന്റെ ഒന്നാം ശില്പത്തില്‍ മണിപ്രവാളലക്ഷണവും വിഭാഗങ്ങളും വിശദീകരിച്ചിരിക്കുന്നു. രണ്ടു മുതലുള്ള ശില്പങ്ങളില്‍ വ്യാകരണം, ദോഷം, ഗുണം, അലങ്കാരം, രസം ഇവയെപ്പറ്റി ചര്‍ച്ചചെയ്യുന്നു.സൂത്രം, വൃത്തി, ഉദാഹരണം എന്നിങ്ങനെയാണ് ഒരോ ശില്പത്തിലേയും പ്രതിപാദനരീതി. ലീലാതിലകത്തിന്റെ രചനാകാലത്തിനെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളാണ് ഉള്ളത്,കൊല്ലവര്‍ഷം 560-നും 575-നും ഇടയ്ക്കായിരിക്കണം അതിന്റെ നിര്‍മ്മാണമെന്നാണ് മിക്ക പണ്ഡിതരുടേയും അഭിപ്രായം.
ആര്യന്മാര്‍ കേരളത്തില്‍ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടില്‍ പാട്ടിന് സമാന്തരമായിത്തന്നെ ആവിര്‍ഭവിച്ച കാവ്യരീതിയാണ് 'മണിപ്രവാളം.(Manipravalam). സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാന്‍ കഴിയാത്ത വിധം കലര്‍ത്തിയുള്ള കാവ്യരചനാ സന്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടില്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിന്‍റെയും പാട്ടിന്‍റെയും ലക്ഷണങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്. ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം. മണി എന്നാല്‍ മാണിക്യം (റൂബി) എന്ന ചുവപ്പു കല്ല്. "പ്രവാളം" എന്നാല്‍ പവിഴം. മണി ദ്രാവിഡ ഭാഷയും, പ്രവാളം സംസ്കൃത ഭാഷയും എന്നാണ് സങ്കല്‍പം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേര്‍ത്ത് ഒരു മാല നിര്‍മ്മിച്ചാല്‍ മണിയും പ്രവാളവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേര്‍ന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കല്‍പ്പം. കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങള്‍ മണിപ്രവാളത്തിന്‍റെ വളര്‍ച്ചയെ സഹായിച്ചു. ==
ആഖ്യാനശൈലി
വേശ്യകളെയും, ദേവദാസികളേയും അധികമായി വര്‍ണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ കൂടുതലും കൃതികള്‍[1] ദേവതാസ്തുതി, രാജസ്തുതി, ദേശവര്‍ണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു. മലയാള സാഹിത്യത്തില്‍ മണിപ്രവാള പ്രസ്ഥാനത്തില്‍ എഴുതിയ കൃതികളില്‍ ഏറ്റവും പ്രശസ്തമായത് ഉണ്ണുനീലിസന്ദേശം ആണ്. 14-ആം നൂറ്റാണ്ടില്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ടലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. മലയാളത്തിന്റെ വ്യാകരണവും ഖടനയും ലീലാതിലകം പ്രതിപാദിക്കുന്നു. കേരളത്തിലെ തദ്ദേശീയ ഭാഷ തമിഴ് ആയിരുന്നു എന്ന് ലീലാതിലകം പ്രതിപാദിക്കുന്നു. മണിപ്രവാള കവിതാശൈലിയെ ലീലാതിലക പ്രതിപാദിക്കുന്നു. ഇതിന്റെ കര്‍ത്താവാരെന്ന് നിശ്ചയിക്കുവാനായിട്ടില്ലെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് "ശില്‍പം" എന്നു പേരുള്ള എട്ട് വിഭാഗങ്ങള്‍ ഉണ്ട്. മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവര്‍ണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചന്പു', നൈഷധം ചന്പു', 'ഭാരതം ചന്പു' എന്നിവയും വളരെ പ്രശസ്തമാണ്.
പാട്ടുകള്‍നിരണംകവികള്‍
മദ്ധ്യകാലമലയാളത്തില്‍ ‘ പാട്ട് ’ ശാഖയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായ അനേകം കൃതികള്‍ ഉണ്ടായിട്ടുണ്ട്. കരിന്തമിഴുകാലത്തില്‍ രചിക്കപ്പെട്ട രാമചരിതത്തിനുശേഷം ഈ ശാഖയില്‍ വന്നിട്ടുള്ള മുഖ്യകൃതികള്‍ കണ്ണശ്ശപ്പണിക്കന്മാരുടേതാണ്. 15-ാം ശതകത്തില്‍ ജീവിച്ചിരുന്ന മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നീ മൂന്നു പേരെയാണ് കണ്ണശ്ശപ്പണിക്കന്മാര്‍ എന്നു വിളിക്കുന്നത്. നിരണം എന്ന സ്ഥലമാണ് ഇവരുടെ സ്വദേശം. നിരണംകവികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. കേവലം കരിന്തമിഴായി കഴിഞ്ഞിരുന്ന മലയാളഭാഷയെ അതില്‍നിന്നു അല്പാല്പമായി വേര്‍പെടുത്തി സംസ്കൃതപദപ്രയോഗം കൊണ്ട് മോടികൂട്ടി മലയാളഭാഷയ്ക്കു നവചൈതന്യം പ്രദാനം ചെയ്തവരാണ് നിരണം കവികള്‍. അക്കാലത്തെ മണിപ്രവാളകവിതകള്‍ക്കൊപ്പമായ അന്തസ്സും മാന്യതയും ഇവരുടെ കൃതികള്‍ക്കുണ്ട്.
ചെറുശ്ശേരി നമ്പൂതിരി
കണ്ണശ്ശപ്പണിക്കര്‍ക്കുശേഷം ഭാഷാപദ്യസാഹിത്യത്തിന്റെ ഗാനശാഖയെ എറ്റവും അധികം പരിപോഷിപ്പിച്ചിട്ടുള്ളത് ചെറുശ്ശേരി നമ്പൂതിരിയാണ്. ‘ കൃഷ്ണഗാഥ ‘ അല്ലെങ്കില്‍ ‘ കൃഷ്ണപ്പാട്ട് ‘ ആണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി. സാഹിത്യപഞ്ചാനനന്‍ പി.കെ നാരായണപിള്ളയുടെ അഭിപ്രായം കേള്‍ക്കുക “കേരളഭാഷാവനിതയ്ക്കുള്ള ആഭരണങ്ങളില്‍ ഏറ്റവും പഴക്കവും തിളക്കവും കൂടുന്ന ഒന്നാണ് കൃഷ്ണഗാഥ ”
ചെറുശ്ശേരി നമ്പൂതിരി ക്രിസ്തുവര്‍ഷം 15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണു്. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവര്‍മന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളില്‍ ദര്‍ശിക്കാനാവുന്നത്.[1] സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളില്‍ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തിയിരുന്ന മലനാട്ടിലെ കവികള്‍ക്കിടയില്‍ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാന് കഴിയുന്നതു് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തില് കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്
മാനവിക്രമന്‍ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍,
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാഷാകവിയായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ പേരല്ല രാമാനുജന്‍ എന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് [1]. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായിരുന്നു കവിയുടെ ജനനം (ഇപ്പോള്‍ ഈ സ്ഥലം തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജന്‍ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണു്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജന്‍ എഴുത്തച്ഛന്‍, നാനാദിക്കിലേക്കുള്ള ദേശാടനങ്ങള്‍ക്കു ശേഷം തൃക്കണ്ടിയൂരില്‍ താമസമാക്കി എന്നു കരുതപ്പെടുന്നു. എഴുത്തച്ഛന്‍ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും ഒരു സ്ഥാനപ്പേരാണെന്നും രാമാനുജന്‍ എഴുത്തച്ഛനു ശേഷം പിന്‍തലമുറയില്‍ പെട്ടവര്‍ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു.[അവലംബം ആവശ്യമാണ്] കവിയുടെ കുടുംബപരമ്പയില്‍ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്

ഐതിഹ്യം
വാല്മീകി മഹര്‍ഷിയാല്‍ എഴുതപ്പെട്ട രാമായണത്തോട് ഉപമിക്കുമ്പോള്‍ ആദ്ധ്യാത്മരാമായണം ഋഷിപ്രോക്തമല്ല എന്നാണ് വിശ്വസിക്കപ്പെടുന്നത് കാരണം വാല്മീകിരാമായണത്തിലും മറ്റും രാമന്‍ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ആദ്ധ്യാത്മാരാമായണമാകട്ടേ രാമന്‍ ഈശ്വരാണെന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനു കാരണമായി പറയുന്നത് വിഷ്ണു ഭക്തനായ ഒരു ബ്രാഹ്മണനാണ് ഇത് എഴുതിയത് എന്നതാണ്. അദ്ദേഹം തന്റെ ആദ്ധ്യാത്മരാമായണം മറ്റുള്ളവരാല്‍ സ്വീകരിക്കപ്പെടാന്‍ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ബ്രാഹ്മണന്‍ അദ്ദേഹത്തിന് ഗോകര്‍ണ്ണത്തു വച്ച് ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രി നാളില്‍ വരുമെന്നു അദ്ദേഹത്തെ കണ്ട് ഗ്രന്ഥം ഏല്‍പ്പിച്ചാല്‍ അതിന് പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണന്‍ അതുപോലെ തന്നെ പ്രവര്‍ത്തിച്ചു. എന്നാല്‍ ആ തേജസ്വിയായ ബ്രാഹ്മണന്‍ വേദവ്യാസനും പട്ടികള്‍ വേദങ്ങളും ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധര്‍വനെ ശുദ്രനായി ജനിക്കാനുള്ള ശാപവും നല്‍കി. ആദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധര്‍വ്വന്‍ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത് തുഞ്ചത്ത് എഴുത്തച്ഛനായിട്ടായിരുന്നു.[2] അതാണ് അദ്ദേഹത്തിന് രാമായണം കിളിപ്പാട്ട് എഴുതാന്‍ ആദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തില്‍ കഴമ്പില്ലെന്നും ശൂദ്രനായ എഴുത്തച്ഛനേയും ബ്രഹ്മണ/ഉന്നത കുല വത്‌കരിക്കാനുള്ള ശ്രമമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്.
മലയാളഭാഷയുടെ പിതാവ്
എഴുത്തച്ഛനു മുമ്പും തെളിമലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങള്‍ കേരളദേശത്ത് വന്നിരിക്കിലും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു് കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണു്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകര്‍ന്നു നല്‍കിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം.
എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തെളിമലയാളത്തിലായിരുന്നില്ല, സംസ്കൃതം പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയില്‍ നാടോടി ഈണങ്ങള്‍ ആവിഷ്കരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കര്‍മ്മത്തില്‍ അദ്ദേഹത്തിനു സഹായകരമായി വര്‍ത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിക്കുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടംവരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണു് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യര്‍ഹമായ ഈ സേവനങ്ങള്‍ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതില്‍ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജന്‍ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.
എഴുത്തച്ഛന്റെ കൃതികള്‍
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക് പുറമേ ഇരുപത്തിനാലു വൃത്തം, ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തില്‍ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ തുടരുന്നുണ്ട്. ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീര്‍ത്തനങ്ങള്‍ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങള്‍ ജനഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യനീതി.
പൂന്താനം നമ്പൂതിരി
മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കില്‍ നെന്മേനി അംശത്തില്‍ ( ഇന്ന് മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും എട്ടു കിലോമീറ്റര്‍ വടക്ക് കീഴാറ്റൂര്‍) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ക്രിസ്തു വര്‍ഷം 1547 മുതല്‍ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന് സാമാന്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട് ( പ്രൊഫ.കെ.വി. കൃഷ്ണയ്യര്‍) . മേല്‍പ്പത്തൂരിന്റെ (1560-1646) സമകാലികനായിരുന്നു എന്ന് ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങള്‍ ലഭ്യമാണ്.
പ്രധാന കൃതികള്‍
ജ്ഞാനപ്പാന, ശ്രീകൃഷ്ണകര്‍ണ്ണാമൃതം, നൂറ്റെട്ടുഹരി, സന്താനഗോപാലം പാന, ഘനസംഘം, കുചേലവൃത്തം പാന, കുചേലവൃത്തം ഗാഥ, മഹാലക്ഷ്മീ വികല്പം വിനാ, കൂടാതെ ഒട്ടനേകം സ്തോത്രകൃതികള്‍.
[അവലംബം-മലയാളസാഹിത്യ ചരിത്രം-വിവിധ രചയിതാക്കള്‍]