vv

Flash News :16/06/2017 വെള്ളിയാഴ്ച സ്ക്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് എസ് .എം.ഡി.സി യുടെ ഒരു ഭരണസമിതി യോഗം ഉണ്ടായിരിക്കുന്നതാണ്.

വെള്ളിയാഴ്‌ച

പള്ളിക്കൂടത്തിലേക്ക് വീണ്ടും


പള്ളിക്കൂടത്തിലേക്ക് വീണ്ടും
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍.





"മാവായി പൂക്കുന്നതാരാണ്‌
മഴയായിപ്പെയ്തോരിടശ്ശേരി
കതിരായ് വിളയുന്നതാരാണ്‌
ഇലയായ് കൊഴിഞ്ഞോരിടശ്ശേരി"-സച്ചിദാനദന്‍.

നമ്മുടെ കവിതാസാഹിത്യത്തിലെ ഒറ്റപ്പെട്ട സ്വരമാണ്‌ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍.ജീവിതാവബോധത്തിന്റെ മൗലികമായ ശബ്ദമാണ്‌,കവിതയില്‍ ഇടശ്ശേരിയുടേത്.നാട്ടിന്‍പുറത്തെ ക്യഷിക്കാരുടേയും കര്‍ഷകത്തൊഴിലാളികളുടേയും ജീവിതത്തിന്റെ മഹത്വം ദര്‍ശിക്കുകയും അവരുടെ ജീവിതത്തിന്‌ നാടന്‍ശീലുകളില്‍ കാവ്യരൂപം നല്‍കുകയുമാണ്‌ അദ്ദേഹം ചെയ്തത്.
"എനിക്കിതേ വേണ്ടൂ പറഞ്ഞു പോകരു-
തിത് മറ്റൊന്നിന്റെ പകര്‍പ്പെന്നതു മാത്രം" അദ്ദേഹത്തിന്റെ കവിതകള്‍ ഒന്നിന്റേയും പകര്‍പ്പല്ലെന്നു മാത്രമല്ല അവ പുതിയൊരു ദിശാബോധത്തിന്റെ തുടക്കം കൂടിയായിരുന്നു.
"ഇടയ്ക്കു കണ്ണിരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം..?
എനിക്കു രസമീ നിമ്‌നോന്നതമാം വഴിക്കു തേരുരുള്‍ പായിക്കാന്‍.."
ഇത് തന്നെയാണ്‌ അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും,ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുകയും അവയോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു അദ്ദേഹം.

'കുഴിവെട്ടിമൂടുക വേദനകള്‍
കുതികൊള്‍കശക്തിയിലേക്കു നമ്മള്‍"എന്നു ഉയിര്‍ത്തെഴുനേല്പിന്റെ ഉദ്ഘോഷണം നടത്തുന്ന കവിക്ക്,
"അധികാരം കൊയ്യണമാദ്യം നാം
അതിന്മേലാകട്ടെ പൊന്നാര്യന്‍"എന്നതായിരുന്നു വിപ്ലവത്തെക്കുറിച്ചുല്ല സങ്കല്പം.
ഇതൊക്കെത്തന്നെയാണ്‌ അദ്ദേഹത്തെ ശക്തിയുടെ കവി എന്ന വിശേഷിപ്പിക്കുന്നതിനടിസ്ഥാനം

പള്ളിക്കൂറ്റത്തിലേക്ക് വീണ്ടും
പഴയ മൂല്യങ്ങളും പുതിയ മൂല്യങ്ങളും സമ്മോഹനമായി സമന്വയിക്കുന്നിടത്താണ്‌ ജിവിതത്തിന്റെ അര്‍ഥതലങ്ങള്‍ വികസിക്കുന്നതെന്ന ആശയത്തെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു കവിതയാണിത്. കവിയുടെ ഇളയ കുട്ടി ആദ്യമായി സ്കൂളില്‍ പോകുകയാണ്‌ .മൂത്തവള്‍ ഇളയനനെ അണിയിച്ചൊരുക്കി. കുട്ടിയുടെ മിഴികളില്‍ അമ്പരപ്പും ചേച്ചിയുടെ മിഴികളില്‍ സ്നേഹവായ്പും നിറഞ്ഞു നിന്നു. കവിയുടെ മനസ്സ് അമ്പതു വര്‍ഷം പിന്നിലേക്ക് പാഞ്ഞു. തന്റെ സഹോദരിയോടൊപ്പം താന്‍ ആദ്യമായി സ്കൂളിലേക്ക് യാത്രയായ സംഭവം കവിയുടെ മനോമുകുരത്തില്‍ തെളിഞ്ഞു വന്നു.അമ്പത് വര്‍ഷം മുമ്പത്തെ സംഭവത്തിനും ഇന്നത്തെ പാഠശാലയിലേക്കുള്ള യാത്രയുടെ അമ്പരപ്പിനും വലിയ മാറ്റമൊന്നുമില്ലെന്നു പറയുന്ന കവി,പുതിയ തലമുറയ അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണമായ ജീവിതപരിതോവസ്ഥകളെക്കുറിച്ചോര്‍ത്താണ്‌ ഖേദിക്കുന്നത്.തനിക്കു നല്ലമാര്ഗ്ഗം ഉപദേശിച്ചു തന്ന അച്ഛനോട് കവി തന്റെ കടപ്പാടു അനുസ്മരിക്കുന്നു.ഒപ്പം ,വേണ്ടുവോളം അറിവ് നേട്ക്കഴിയുമ്പോഴും മനസ്സിന്റെ ശോഭയും ശരീരത്തിന്റെ ശക്തിയും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ എന്ന് മകനായ് ആശംസിക്കുകയും ചെയ്യുന്നു. പ്രക്യതില്‍നിന്നുമകന്നുപോകന്ന മനുഷ്യാത്മാവിനെക്കുറിച്ചുള്ള ദു:ഖം,ആധുനികയുഗത്തിന്റെ കാപട്യങ്ങള്‍ ,ഇവിടെയൊക്കെ പുതിയ തലമുറക്ക് നേരിടേണ്ടി വരുന്ന
പരീക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ കവി കോറിയിടുന്നുണ്ട്.
"അംബ പേരാറേ നീ മാറിപ്പോമോ
ആകുലമാമൊരഴുക്കു ചാലായ്" എന്ന വരികള്‍ പുതിയ പരിസ്ഥിതിബോധത്തിന് നമ്മുടെ കവിതയിലുണ്ടായ പ്രഥമരേഖയെന്ന് വൈകിയെങ്കിലും നാം ഓര്‍ക്കുമ്പോള്‍ ഇടശ്ശേരിയിലെ കവിയുടെ പ്രവചനസ്വഭാവം നാം തിരിച്ചറിയുന്നു.