“സ്പര്‍ശിച്ചാസ്വദിക്കാവുന്ന കവിത എന്നൊരു സങ്കല്‍പമുണ്ടെങ്കില്‍ ആ സങ്കല്‍പത്തോട് ഏറ്റവുമടുക്കുന്ന നവീന മലയാള കവിത സുഗതയുടേതായിരിക്കും“. രാത്രിമഴ എന്ന സുഗതകുമാരിയുടെ പുസ്തകത്തിന് പ്രൊഫ. എന്‍ കൃഷ്ണപിള്ള എഴുതിയ അവതാരികയിലെ ഒരു വാചകമാണിത്. സുഗതകുമാരിയുടെ കവിതയിലെ ആസ്വാദ്യതയും ഉള്ളും അറിയണമെങ്കില്‍ ഈ ഒറ്റ വിശേഷണം മാത്രം മതിയാകും. മുലപ്പാലിന്‍റെ മണമുള്ള കവിതകള്‍ മലയാളിക്ക് സമ്മാനിച്ച ബാലാമണിയമ്മയ്ക്ക് ശേഷം മലയാള കവിതാശാഖയില്‍ ശക്തമായ സാന്നിധ്യം അറിയിച്ച കവയത്രിയാണ് സുഗതകുമാരി.
2009 ലെ എഴുത്തച്ഛന്‍ പുരസ്കാരം സുഗതകുമാരിയെ സംബന്ധിച്ചിടത്തോളം വൈകിയെത്തിയ അംഗീകാരം എന്നുതന്നെ പറയാം. വൈകിയാണെങ്കിലും അര്‍ഹമായത് എന്ന വിശേഷണം കൂടി ഇതിനോട് ചേര്‍ത്തുവെയ്ക്കാം. സാഹിത്യരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്കാരം നല്‍കുന്നത്. കവി ഒഎന്‍വി കുറുപ്പ് ചെയര്‍മാനായ സമിതിയാണ് സുഗതകുമാരിയെ തെരഞ്ഞെടുത്തത്. സത്യത്തേയും സൌന്ദര്യത്തെയും ഒരുപോലെ സാക്ഷാത്കരിക്കുന്ന കവിതകളാണ് സുഗതകുമാരിയുടേതെന്ന് സമിതി വിലയിരുത്തി. സൈലന്‍റ്‌വാലിയെ സംരക്ഷിക്കുന്നതിന് സുഗതകുമാരി വഹിച്ച പങ്കും പരിഗണിച്ചതായി ഒഎന്‍വി കുറുപ്പ് പറഞ്ഞു.
‘ഞാന്‍ എഴുതുമ്പോള്‍ വ്യക്‍തമായ ഒരു വിഷയമോ എഴുതേണ്ട വസ്‌തുതയുടെ രൂപരേഖയോ മനസില്‍ ഉണ്ടായിരിക്കുക പതിവില്ല. ഇന്ന കാര്യത്തെപ്പറ്റി എഴുതണം എന്ന് മിക്കവാറും നേരത്തെ ചിന്തിച്ചുറപ്പിക്കാന്‍ കഴിയാറില്ല. ആന്തരികമായ ഏതോ ഒരസംതൃപ്‌തിയുടെ സമര്‍ദ്ദം കൊണ്ട് തികച്ചും അസ്വസ്‌ഥമായ ഹൃദയത്തോടെ എന്തിനെപ്പറ്റി എഴുതുന്നു എന്നറിഞ്ഞു കൂടാതെ ഞാന്‍ എഴുതിത്തുടങ്ങുന്നു.’ ഒരു ആമുഖക്കുറിപ്പില്‍ തന്‍റെ സൃഷ്ടിയുടെ പിറവിയെ സുഗതകുമാരി നിര്‍വ്വചിക്കുന്ന വാക്കുകളാണിത്. ഈ ആന്തരീകമായ അസംതൃപ്തിയുടെ പേറ്റുനോവില്‍ സുഗതകുമാരിയുടെ തൂലികയില്‍ നിന്ന് പിറന്ന കവിതാശകലങ്ങള്‍ അറുപതുകള്‍ മുതല്‍ മലയാളകവിതാശാഖയെ സമ്പുഷ്ടമാക്കുകയായിരുന്നു.
1934 ജനുവരി മൂന്നിന് തിരുവനന്തപുരത്ത് സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെയും വികെ കാര്‍ത്യായനി അമ്മയുടെയും മകളായാണ് സുഗതകുമാരി ജനിച്ചത്. അച്ഛന്‍റെ കൈയ്യില്‍ നിന്നുകിട്ടിയ സാഹിത്യവാസനയായിരുന്നു സുഗതകുമാരിയെയും പുസ്തകലോകത്ത് കൈപിടിച്ചുനടത്തിയത്. പിതാവിന്‍റെ പാത പിന്തുടര്‍ന്ന് സാമൂഹ്യസേവനത്തിലും സുഗതകുമാരി എത്തിപ്പെട്ടു. വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന അവര്‍ ഇന്ന് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. സാമൂഹ്യമനംമാറ്റത്തിന് ശക്തമായ സാഹിത്യം ഏറ്റവും നല്ല ഉപകരണമാണെന്ന തിരിച്ചറിവായിരുന്നു സുഗതകുമാരിക്ക് കൂടുതല്‍ പ്രചോദനമായത്.
പ്രണയം, സ്‌ത്രീത്വം, എന്നിവയെ പെണ്ണെഴുത്തിന്റെ സാധ്യതകളിലൂടെ പുനര്‍നിര്‍വചിക്കുകയായിരുന്നു സുഗതകുമാരിയുടെ കവിതകള്‍ യഥാര്‍ത്ഥത്തില്‍ ചെയ്‌തത്‍. രാധ-കൃഷ്‌ണ ബിംബങ്ങളുടെ ഒരു അന്തര്‍ധാരയും പ്രകൃതി, മാതൃത്വഭാവങ്ങളുടെ മാറി മാറിയുള്ള വെളിപ്പെടലുകളും കവിതകള്‍ക്ക് കൂടുതല്‍ ആഴവും പരപ്പും നല്‍കി. കവിതകളെ സൂക്ഷ്‌മമായി അവലോകനം ചെയ്യുമ്പോള്‍ ഏകാകിയുടെ വല്ലാത്ത വ്യഥ സുഗതകുമാരിയെ ചൂഴ്‌ന്നുനിന്നിരുന്നതായി കണ്ടെത്താം. രാത്രിമഴ, അമ്പലമണി എന്നി കവിതകള്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാകുന്നു.
തത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ അവര്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍റെ പ്രിന്‍സിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം തുടങ്ങിയ സുഗതകുമാരിയുടെ സാമൂഹ്യസേവനമേഖലയിലെ കര്‍മ്മനിരതയുടെ തെളിവുകളാണ്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാനസിക ചികിത്സാകേന്ദ്രം സന്ദര്‍ശിക്കാനിടവന്നതായിരുന്നു മാനസിക രോഗികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്‍റെ പിറവിക്ക് സാഹചര്യമൊരുക്കിയത്. ശരീരത്തില്‍ വൃണങ്ങള്‍ വന്ന സ്ത്രീകളെ നഗ്നരായി പാര്‍പ്പിച്ചിരിക്കുന്ന കാഴ്ചയാണ് സുഗതകുമാരിക്ക് അവിടെ കാണാനായത്. സൈലന്‍റ് വാലി പ്രക്ഷോഭത്തോടെ പരിസ്ഥിതി സംരക്ഷണ രംഗത്തേക്കും സുഗതകുമാരി എത്തിപ്പെടുകയായിരുന്നു
1961 ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പി. പാതിരാപ്പൂക്കള്‍ (1967). പാവം മാനവഹൃദയം (1968) ഇരുള്‍ ചിറകുകള്‍ (1969) രാത്രിമഴ (1977) അമ്പലമണി (1981) കുറിഞ്ഞിപ്പൂക്കള്‍ (1987) തുലാവര്‍ഷപ്പച്ച (1990) രാധയെവിടെ (1995) തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. 1978 ല്‍ രാത്രിമഴ എന്ന കവിതാസമാഹാരത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
2003 ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അമ്പലമണി എന്ന കവിതാസമാഹാരത്തിന് ഓടക്കുഴല്‍ അവാര്‍ഡും ആശാന്‍ പ്രൈസും 1984 ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. 2001 ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 2004 ല്‍ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ബാലാമണിയമ്മ അവാര്‍ഡ്, 2006 പത്മശ്രീ തുടങ്ങിയവയാണ് സുഗതകുമാരിയെ തേടിയെത്തിയ മറ്റ് ബഹുമതികള്‍. ഡോ. കെ. വേലായുധന്‍ നായര്‍ ആണ് ഭര്‍ത്താവ്, മകള്‍: ലക്ഷ്മി.
പ്രകൃതിസംരക്ഷണ ശ്രമങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ആദ്യത്തെ വൃക്ഷമിത്ര അവാര്‍ഡ് സാമൂഹിക സേവനത്തിനുള്ള ജെംസെര്‍വ് അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് എഴുത്തച്ഛന്‍ പുരസ്കാരം. കഴിഞ്ഞ വര്‍ഷം അക്കിത്തമായിരുന്നു പുരസ്കാരത്തിന് അര്‍ഹനായത്. 1993 ല്‍ ശൂരനാട് കുഞ്ഞന്‍ പിള്ളയ്ക്കായിരുന്നു ആദ്യ എഴുത്തച്ഛന്‍ പുരസ്കാരം.