ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലേക്ക് ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി, നിങ്ങളുടെ മുന്നിലുള്ള കമ്പ്യൂട്ടറിലേക്ക് മലയാളത്തിന്റെ അധ്യാപകനെത്തും. മലയാളഭാഷയും സാഹിത്യവും സംസ്‌കാരവും എപ്പോഴും എവിടെനിന്നും പഠിക്കാനുള്ള സൗകര്യം, മികവുറ്റ അധ്യാപനം, ഒ.എന്‍.വി. ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരുടെ ഭാഷാ അധ്യാപനം- മലയാള മിഷന്‍ യാഥാര്‍ഥ്യമാകുമ്പോള്‍, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് ചെയ്യാന്‍ കഴിയുന്ന സംഭാവനകളാണിത്. ഡല്‍ഹിയിലെ മലയാള ഭാഷാ പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അതുല്യമായ സഹായങ്ങള്‍ നല്‍കിയ ഇഗ്‌നോ മലയാളം മിഷനിലും കൈകോര്‍ക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.കെ ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.
ഇഗ്‌നോ ഇന്ത്യ മുഴുവന്‍ സാന്നിധ്യമുള്ള സര്‍വകലാശാലയാണ്. അത്യാധുനിക സംവിധാനങ്ങള്‍ അതിന് സ്വന്തമായുണ്ട്. നവീനമായ അധ്യാപന രീതികള്‍, ഹൈടെക് ക്ലാസ് മുറികള്‍, അധ്യാപനത്തിലെയും ഭാഷാപഠനത്തിലെയും പുതുപുത്തന്‍ മാര്‍ഗങ്ങള്‍ തുടങ്ങിയവ മലയാളം മിഷന് പ്രയോജനപ്പെടുത്താന്‍ സര്‍വകലാശാല വഴിയൊരുക്കും. ഇന്ത്യയിലും വിദേശത്തുമെല്ലാം മലയാളം മിഷന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാര്യമായ മലയാളി സാന്നിധ്യമുള്ള ഇന്ത്യന്‍ നഗരങ്ങളിലെല്ലാം മലയാള മിഷന്‍ പ്രവര്‍ത്തിക്കും. ഇഗ്‌നോയുടെ സേവനം ഇവിടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റും.
ഡല്‍ഹി മലയാള ഭാഷാ പഠനകേന്ദ്രത്തിലെ അധ്യാപകര്‍ക്ക് നേരത്തെ ഇഗ്‌നോ പരിശീലനം നല്‍കിയിരുന്നു. ഡല്‍ഹിയിലെ മലയാളം ഭാഷാ അധ്യാപകരെല്ലാം സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയിലാണ് സേവനം ചെയ്യുന്നത്. ഭാഷയിലും സാഹിത്യത്തിലുമുള്ള പാണ്ഡിത്യമല്ല അവരെ അധ്യാപകരാക്കിയത്. മറുനാടന്‍ മലയാളികള്‍ക്ക് ഭാഷ പഠിക്കാന്‍ അത് ആവശ്യവുമായിരുന്നില്ല. സന്മനസ്സുകൊണ്ട് മാത്രമാണ് ഇവര്‍ അധ്യാപകരായത്. ഇവര്‍ക്ക് മലയാളത്തിലെ പ്രഗല്ഭരെ പങ്കെടുപ്പിച്ച് മലയാളം ക്ലാസ്സുകള്‍ ഇഗ്‌നോ നടത്തി. ഒ.എന്‍.വി. ആറ് മണിക്കൂര്‍ ക്ലാസ്സെടുത്തിരുന്നു. കവിത, കല, സംസ്‌കാരം, സാഹിത്യം എന്നിവയിലെല്ലാം പ്രഗല്ഭരാണ് അധ്യാപകര്‍ക്ക് ക്ലാസ്സെടുത്തത്. ചലച്ചിത്രഗാനങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. അധ്യാപനത്തിനും ഭാഷാപഠനത്തിനും അതുപകരിക്കുമെന്ന് കരുതിയായിരുന്നു ഇഗ്നോയുടെ നീക്കം. ഈ ക്ലാസ്സുകളെല്ലാം ഇഗ്നോ റെക്കോഡ് ചെയ്തിട്ടുണ്ട്. അവ എഡിറ്റ് ചെയ്ത് വൈകാതെ പുറത്തിറക്കും. ഇവയുടെ സിഡി ലഭ്യമാക്കും. എന്നാല്‍ അതിലും എളുപ്പത്തില്‍ പ്രഗല്ഭരുടെ ഈ മലയാളം ക്ലാസ്സുകള്‍ വൈകാതെ വെബ്‌സൈറ്റിലിടും. യുട്യൂബിലോ, ഇഗ്‌നോയുടെ വെബ്‌സൈറ്റിലോ ഇടാനാണ് പദ്ധതി. ആര്‍ക്കും സൗജന്യമായി എപ്പോള്‍ വേണമെങ്കിലും ഇവ കേള്‍ക്കാനും കാണാനും പഠിക്കാനും പറ്റും. അധ്യാപനം മെച്ചപ്പെടുത്താനും ഭാഷാപഠനം സുഗമമാക്കാനും ഇത് അത്യന്തം സഹായകമാകും.
ടെലികോണ്‍ഫറന്‍സ് പോലുള്ള ഇഗ്‌നോയുടെ സംവിധാനങ്ങളും മലയാളഭാഷാ പഠനത്തിന് സഹായകമാക്കാം. ലോകത്തിന്റെ ഏത് കോണില്‍ നിന്നും ക്ലാസില്‍ പങ്കെടുക്കാന്‍ ഇതുവഴി കഴിയും. പല സംഘടനകളും വകുപ്പുകളും മലയാള ഭാഷാപഠനത്തില്‍ സഹായിക്കുന്നതുപോലെ, ഇഗ്‌നോയുടെ സഹകരണവും തുടരുമെന്ന് ചന്ദ്രശേഖരന്‍ നായര്‍ വ്യക്തമാക്കി.

-
പള്ളിക്കൂടത്തിലേക്ക് വീണ്ടും ഇടശ്ശേരി ഗോവിന്ദന് നായര്‍. "മാവായി പൂക്കുന്നതാരാണ് മഴയായിപ്പെയ്തോരിടശ്ശേരി കതിരായ് വിളയുന്നതാരാണ് ഇലയാ...
-
പ്രേമസംഗീതം-മലയാളത്തിലെ പ്രേമോപനിഷത്ത്. കവിപരിചയം ഉള്ളൂര്‍ എസ്സ് .പരമേശ്വരയ്യര്‍ ചങ്ങനാശ്ശേരി പെരുന്നയിലെ താമരശ്ശേരി ഇല്ലത്ത് ഭഗവതിയമ്മാളി...
-
മലയാളഭാഷയുടെ ഉല്പത്തി മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് ക...